Thursday, 15 October 2015

നഷ്ടപ്പെടാതിരിക്കാൻ നെയ്യുക


ചെറു നൂലുകൾകൊണ്ട്‌ ഓർമ്മകൾ
നമുക്ക്‌ നെയ്ത കുപ്പായത്തിൽ ഞാൻ കുറിചിടുന്നു,
'നഷ്ടപ്പെടാതിരിക്കാൻ നെയ്യുക'
എങ്കിലും, ഓരോന്നായ്‌ പിരിയുംബോൾ
നമ്മളൊന്നായ്‌ ചേർത്ത നൂലുകൾ അഴിക്കുക
പിന്നെ, എന്റെ ഓർമ്മകൾക്ക്‌ തീകൊടുക്കുക
മുറുകിയ കൈപ്പത്തിയോളം നൂലുകളെനിക്ക്‌ തരിക,
ഇടനെഞ്ച്‌ ശൂന്യമായിരിക്കുന്നു.
പിന്നെയും ബാക്കിയാകുന്നതെല്ലാം
നിങ്ങളന്യോന്യം പകുത്തെടുക്കുക!
--- പഞ്ഞൻ

Tuesday, 6 October 2015

നസ്രത്തിലെ യേശുവിനോട്‌

അപ്പവും വീഞ്ഞും പങ്കുവചവർ
ഒറ്റുകൊടുത്തപ്പോൾ നിങ്ങൾക്ക്‌
തോന്നിയതെന്താണ്‌?
അപ്പം ശരീരവും, വീഞ്ഞ്‌ രക്തവുമായത്‌
ഉപമകൊണ്ടല്ലെന്ന് പറഞ്ഞുകൊടുക്കാതിരുന്നതെന്താണ്‌? 
ക്ഷമിക്കണം, നിങ്ങൾ ദൈവമായിരുന്നു!
എങ്കിലും, മനസ്സിലാകുന്ന രീതിയിൽ
അവസാന ഉൽപ്രേക്ഷ ഉപയോകിക്കാമായിരുന്നു.
വെള്ളിക്കുവേണ്ടി അപ്പവും പിന്നെ
അപ്പത്തിനുവേണ്ടി വെള്ളിയും കരുതുന്നവരോട്‌
നിങ്ങൾ അവർക്ക്‌ വേണ്ടി മരിക്കുന്നെന്നു
മനസിലാകുന്നതുപോലെ പറഞ്ഞു കോടുക്കാമായിരുന്നു.
വെറുതെ ഓർമ്മിപ്പിചതാണ്‌,
മൗനത്തിനർത്ഥം കിട്ടാത്തിടത്ത്‌ നിങ്ങളായിരുന്നു
എന്റെ ചോദ്യത്തിനേറ്റവും യോഗ്യൻ.
തെറ്റുപറയുന്നില്ല, 
മിക്കപ്പോഴും ചുറ്റുമുള്ളവർക്ക്‌
എന്റെ മൗനംപോലും മനസ്സിലാകാറില്ല!