Thursday 12 December 2019

അകത്തെ ആകാശങ്ങൾ - വായനാനുഭവം



 ‘അകത്തെ ആകാശങ്ങൾ’ കൈയ്യിൽ കിട്ടിയപ്പോൾ ആദ്യം കണ്ണുടക്കിയത് അമൃത നിധീഷിന്റെ കവർചിത്രത്തിലാണ്. ആ സുന്ദരിയുടെ  നീലക്കണ്ണുകളിൽനിന്ന് ദിക്കുകളിലേക്ക് ചിറകടിക്കുന്ന 'രക്ത'ശലഭങ്ങൾ കീറ്റ്സിന്റെ ‘ല ബെൽ ഡേമ് സാൻസ് മേഴ്സി’യെ ഓർമ്മിപ്പിച്ചു. ഒന്ന് ഇരുത്തിനോക്കിയാൽ ത്രസിപ്പിക്കുന്ന  ഒരു സബ്ലെയിം മെറ്റഫറായി അത് മാറും, തീർച്ച. എന്തായാലും പുരുഷന്റെ ആദ്യത്തെ നോട്ടം കണ്ണുകൊണ്ടല്ലെന്ന് സ്വയം വിലയിരുത്തിയതായി പരിഗണിച്ച് ഒറ്റയിരിപ്പിന് കവിതകൾ വായിച്ചുതീർത്തു. 


ഒരു വഴിയും  പല കാഴ്ചകളുമാണ്  ‘ആകാശ’ക്കീറുകളിലൂടെ  കടന്നുപോകുന്ന വായനക്കാരനെ കാത്തിരിക്കുന്നത്. വീരാൻകുട്ടിമാഷ്  അവതാരികയിൽ പറഞ്ഞതൊക്കെ കിറുകൃത്യം. കവിതയിലെ ശരികളും ശരികേടുകളും അളക്കാനല്ല അദ്ദേഹം ശ്രമിച്ചതെന്ന്  എടുത്തുപറയേണ്ട കാര്യമാണ്. എഴുത്തുരീതിയിലെ പ്രശ്നങ്ങളും സാധ്യതകളും കുറുക്കി എഴുതിക്കൊണ്ട് അദ്ദേഹം പുസ്തകത്തോട്  നീതിപുലർത്തിയതായി വിലയിരുത്താം. എഴുത്തുവഴിയിൽ പുതുമയേക്കാളേറെ വിഷയത്തോട് സ്വീകരിച്ച തുറവിയാണ്, തീക്ഷ്ണതയാണ് ഈ കവിതാസമാഹാരത്തെ  മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. ലിങ്കനീതിയുടെ ഭൂമികയിൽ ഇവർ കോറിയിടുന്ന പ്രശ്നങ്ങൾ, പ്രണയത്തിന്റെ ഋതുഭേദങ്ങൾ / ഭാവപ്പകർച്ചകൾ , ചുറ്റിനും നിലനിൽക്കുന്ന ചരടുവലികൾ, ചങ്ങലകൾ തുടങ്ങിയവയെല്ലാം സ്ത്രീപക്ഷ സൂക്ഷ്മനിരീക്ഷണങ്ങളായി   'അകത്തെ ആകാശങ്ങളെ' പ്രക്ഷുബ്ധമാക്കുന്നു. മറ്റൊരുതരത്തിൽ പ്രക്ഷുബ്ധമായ ആന്തരികലോകത്തിന്റെ വാങ്ങ്‌മയ ചിത്രങ്ങളാണ് ഈ കൃതിയെ അനിതരസാധാരണമാക്കുന്നതെന്ന് പറയാം.
കാലദേശമന്യേ സ്ത്രീ  അനുഭവിക്കുന്ന വേരറ്റുപോകലിന്റെ കയ്പ്പും, പ്രണയത്തിന്റെ ചവർപ്പും ശിഷ എസ് ന്റെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ‘വീടും’, ‘ബാക്കിവെച്ചതും’, ‘ചുനമണക്കുന്നവരും’, ‘മുറിപ്പാടുകളു’മെല്ലാം  മനുഷ്യബന്ധങ്ങങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്ന ജീർണതയുടെ ('ക്ലാവ്') നേർചിത്രങ്ങളാണ്. പ്രണയത്തിന്റെ ഭാവഭേദങ്ങൾ മിന്നിമറയുന്നത് സോണിയുടെ ചെറുകവിതകൾ ഒപ്പിയെടുക്കുന്നുണ്ട്. പ്രണയവഴികളിൽ കാമുകിയായും, ഭദ്രയായും, വേശ്യയായും പിന്നെ തലക്കുപിടിക്കുന്ന 'ഭ്രാന്തായും' പടർന്നുപിടിക്കുന്ന തീ ഇന്ദ്രിയാനുഭവങ്ങളിലൂന്നിയുള്ള പ്രണയത്തിന്റെ മൂർത്തഭാവമായി മാറുന്നു.    

ശില്പഭംഗിയിൽ മികച്ചുനിൽക്കുന്നതാണ് മഞ്ജുഷയുടെ കവിതകൾ, ഒപ്പം മൂർച്ചയുള്ള ആശയങ്ങൾകൂടിയാകുമ്പോൾ “അടുക്കുതെറ്റിയ ചിന്തകൾക്ക് / പേനത്തുമ്പിലൊരായിരം വഴി” തുറക്കുന്നു.   വിരുദ്ധോക്തി ഉപയോഗത്തിൽ മഞ്ജുഷ കാണിക്കുന്ന ആനുരൂപ്യം എടുത്തുപറയേണ്ടതാണ്. "ഞെരിഞ്ഞ പൂവിന് സുഗന്ധമായും", "വിഫല ലിപികളായും", "ചതുരമായ വൃത്തസൂത്രങ്ങളായും" അവ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. "ചതിയുടെ സൗന്ദര്യബോധം /  ഇരകൾക്കുമാത്രം വെളിപ്പെടുന്നു" തുടങ്ങിയ പ്രയോഗങ്ങൾ അനുഭവലോകത്തിൽ സാർവത്രികമാനം കൈവരിക്കുന്നു.

ചോരയും, കൊടുങ്കാറ്റും,കടൽത്തിരയിളക്കവുമെല്ലാം ചേർന്ന പ്രണയത്തിന്റെ വേലിയേറ്റം സ്മൃതിയുടെ കവിതകളിൽ കാണാം. അമ്മ, അച്ഛൻ, മുത്തശ്ശി, അയൽക്കാർ തുടങ്ങിയ മനുഷ്യബന്ധങ്ങളുടെ (ചെളിയടിഞ്ഞ) അടിത്തട്ട്  കാണുംവിധം ഒരു വേലിയിറക്കവും അവരുടെ കവിതകളിൽ ശക്തമാണ്. 'മെരുങ്ങാത്ത', 'വക്കുപൊട്ടിയ', 'വിളർത്ത' മനുഷ്യരെ മാത്രമല്ല, ഗൃഹാതുരത്വത്തിന്റെ കമ്പോളവത്ക്കരണത്തിൽ പൊയ്മുഖമണിഞ്ഞ മനുഷ്യരെയും 'പുസ്തകത്തി'ലും, 'വിൽപ്പനശാല' യിലും കാണാം. സാമൂഹിക ജീവിതത്തിലെ ഹിപ്പോക്രസിയുടെ പരിച്ഛേദമാണ് ഈ കവിതകൾ. സ്‌മൃതിയുടെ കവിതകളിൽ ചുവപ്പു നിറഞ്ഞുനിൽക്കുന്നു, 'പ്രണയത്തി'ലും, 'മുള്ളി'ലും അത് ഒരുപോലെ കാണാം. പ്രണയം തീക്ഷ്ണമായ മെറ്റഫറുകളാൽ പറഞ്ഞുവെക്കുന്ന സ്‌മൃതി ചോരചാലിച്ച പ്രണയത്തെ കാട്ടുദൈവത്തിന്റെ മിത്തിൽ ചാലിച്ചെടുക്കുന്നു.  

വീരാൻകുട്ടി പറഞ്ഞതുപോലെ ആഖ്യാനത്തിൽ പലവഴികൾ സ്വീകരിക്കുമ്പോഴും ഒരുമിച്ചു നിൽക്കാനുള്ള ക്ഷമത സ്ത്രൈണതയുടെ  അനുഭവഭേദങ്ങളിൽ നിന്നാണ് വരുന്നത്. ഒരേ തൂവ്വൽപക്ഷികളെങ്കിലും ഇതിലെ ഓരോ പക്ഷിയും പാടിപ്പറക്കുന്നത് ഓരോ ആകാശങ്ങളിലാണെന്നും,  അകലത്തെ ആകാശത്തേക്കാളേറെ വന്യമനോഹരമാണ് അകത്തെ ആകാശങ്ങളെന്നും നമുക്ക് കാണിച്ചുതരുന്ന ഈ നാല് യുവ കവികളുടെ ഉദ്യമത്തിന് ഭാവുകങ്ങൾ നേരുന്നു.

Saturday 6 April 2019

മറവി

മറവിയുടെ ലോകത്തിൽ
അച്ഛന്റെ സാധനങ്ങൾ
ഒളിച്ചുകളിക്കാൻ തുടങ്ങിയപ്പോഴേക്കും
ഞാൻ വളർന്നുകഴിഞ്ഞിരുന്നു.
എന്നെ തല്ലിയതിന് പകരംചോദിക്കാൻ
ഇനിയെനിക്കാവില്ലല്ലോ,

ഞാനും മറന്നുതുടങ്ങിയിരിക്കുന്നു.

Friday 15 December 2017


ത്വലാഖ്


പർദ്ദയിട്ട കവിയുടെ
കണ്ണുകളിൽ
ഭയമുണ്ട്.
വാക്കുകൾ വെട്ടിമാറ്റുന്ന പണി മടുത്തു
മൊഴി ചൊല്ലാൻ വന്നതാണ്.
ത്വലാഖ്!
വായനക്കാരന്റെ ഭാര്യയാകാൻ
ഇനിയും കവിക്കാവതില്ല.
ത്വലാഖ്!
നിങ്ങൾ പറയും മുപ് ഞാപറയാം;
അല്ലെങ്കിലും പർദ്ദയിട്ടവക്കെന്ത്
ത്വലാഖ്!

Thursday 15 October 2015

നഷ്ടപ്പെടാതിരിക്കാൻ നെയ്യുക


ചെറു നൂലുകൾകൊണ്ട്‌ ഓർമ്മകൾ
നമുക്ക്‌ നെയ്ത കുപ്പായത്തിൽ ഞാൻ കുറിചിടുന്നു,
'നഷ്ടപ്പെടാതിരിക്കാൻ നെയ്യുക'
എങ്കിലും, ഓരോന്നായ്‌ പിരിയുംബോൾ
നമ്മളൊന്നായ്‌ ചേർത്ത നൂലുകൾ അഴിക്കുക
പിന്നെ, എന്റെ ഓർമ്മകൾക്ക്‌ തീകൊടുക്കുക
മുറുകിയ കൈപ്പത്തിയോളം നൂലുകളെനിക്ക്‌ തരിക,
ഇടനെഞ്ച്‌ ശൂന്യമായിരിക്കുന്നു.
പിന്നെയും ബാക്കിയാകുന്നതെല്ലാം
നിങ്ങളന്യോന്യം പകുത്തെടുക്കുക!
--- പഞ്ഞൻ

Tuesday 6 October 2015

നസ്രത്തിലെ യേശുവിനോട്‌

അപ്പവും വീഞ്ഞും പങ്കുവചവർ
ഒറ്റുകൊടുത്തപ്പോൾ നിങ്ങൾക്ക്‌
തോന്നിയതെന്താണ്‌?
അപ്പം ശരീരവും, വീഞ്ഞ്‌ രക്തവുമായത്‌
ഉപമകൊണ്ടല്ലെന്ന് പറഞ്ഞുകൊടുക്കാതിരുന്നതെന്താണ്‌? 
ക്ഷമിക്കണം, നിങ്ങൾ ദൈവമായിരുന്നു!
എങ്കിലും, മനസ്സിലാകുന്ന രീതിയിൽ
അവസാന ഉൽപ്രേക്ഷ ഉപയോകിക്കാമായിരുന്നു.
വെള്ളിക്കുവേണ്ടി അപ്പവും പിന്നെ
അപ്പത്തിനുവേണ്ടി വെള്ളിയും കരുതുന്നവരോട്‌
നിങ്ങൾ അവർക്ക്‌ വേണ്ടി മരിക്കുന്നെന്നു
മനസിലാകുന്നതുപോലെ പറഞ്ഞു കോടുക്കാമായിരുന്നു.
വെറുതെ ഓർമ്മിപ്പിചതാണ്‌,
മൗനത്തിനർത്ഥം കിട്ടാത്തിടത്ത്‌ നിങ്ങളായിരുന്നു
എന്റെ ചോദ്യത്തിനേറ്റവും യോഗ്യൻ.
തെറ്റുപറയുന്നില്ല, 
മിക്കപ്പോഴും ചുറ്റുമുള്ളവർക്ക്‌
എന്റെ മൗനംപോലും മനസ്സിലാകാറില്ല!

Monday 14 September 2015

മണൽ വീട്‌

തിരയുടുപ്പുകളിൽ എന്റെ കുഞ്ഞിനു 
അന്ത്യവിശ്രമം 
കരയുടെ മാറിൽ അവനൊരു 
മണൽ വീട്‌ 
ചക്രവാളം തൊട്ടുനിൽക്കുന്ന നാട്ടിൽ 
ഒരുപിടി മണ്ണു 
വെടിയൊചയുടെ താരട്ടുപാട്ടിൽ നിന്നൊളിചോടി 
സ്വപ്നത്തിൽ മരിച കുഞ്ഞ്‌.

Saturday 12 September 2015

വഴി

മരണത്തിലേക്കുള്ള വഴി
നിന്നിലേക്ക്‌ നീളുന്നു,
ഓരോ യാത്രയും നിന്നിൽനിന്ന്
അകന്ന് പോകാനുള്ളതാണ്‌.
എന്റെ കാഴ്ചകൾ നിന്നിലേക്ക്‌
ഒതുങ്ങും വരെ കാത്തു നിൽക്കുക,
വഴിയും ദൂരവും ഒന്നാകുന്നിടത്ത്‌
ഒടുവിൽ നമുക്കൊന്നാവാം.

- പഞ്ഞൻ