‘അകത്തെ ആകാശങ്ങൾ’ കൈയ്യിൽ കിട്ടിയപ്പോൾ ആദ്യം കണ്ണുടക്കിയത് അമൃത നിധീഷിന്റെ കവർചിത്രത്തിലാണ്. ആ സുന്ദരിയുടെ നീലക്കണ്ണുകളിൽനിന്ന് ദിക്കുകളിലേക്ക് ചിറകടിക്കുന്ന 'രക്ത'ശലഭങ്ങൾ കീറ്റ്സിന്റെ ‘ല ബെൽ ഡേമ് സാൻസ് മേഴ്സി’യെ ഓർമ്മിപ്പിച്ചു. ഒന്ന് ഇരുത്തിനോക്കിയാൽ ത്രസിപ്പിക്കുന്ന ഒരു സബ്ലെയിം മെറ്റഫറായി അത് മാറും, തീർച്ച. എന്തായാലും പുരുഷന്റെ ആദ്യത്തെ നോട്ടം കണ്ണുകൊണ്ടല്ലെന്ന് സ്വയം വിലയിരുത്തിയതായി പരിഗണിച്ച് ഒറ്റയിരിപ്പിന് കവിതകൾ വായിച്ചുതീർത്തു.
ഒരു വഴിയും പല കാഴ്ചകളുമാണ് ‘ആകാശ’ക്കീറുകളിലൂടെ കടന്നുപോകുന്ന വായനക്കാരനെ കാത്തിരിക്കുന്നത്. വീരാൻകുട്ടിമാഷ് അവതാരികയിൽ പറഞ്ഞതൊക്കെ കിറുകൃത്യം. കവിതയിലെ ശരികളും ശരികേടുകളും അളക്കാനല്ല അദ്ദേഹം ശ്രമിച്ചതെന്ന് എടുത്തുപറയേണ്ട കാര്യമാണ്. എഴുത്തുരീതിയിലെ പ്രശ്നങ്ങളും സാധ്യതകളും കുറുക്കി എഴുതിക്കൊണ്ട് അദ്ദേഹം പുസ്തകത്തോട് നീതിപുലർത്തിയതായി വിലയിരുത്താം. എഴുത്തുവഴിയിൽ പുതുമയേക്കാളേറെ വിഷയത്തോട് സ്വീകരിച്ച തുറവിയാണ്, തീക്ഷ്ണതയാണ് ഈ കവിതാസമാഹാരത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. ലിങ്കനീതിയുടെ ഭൂമികയിൽ ഇവർ കോറിയിടുന്ന പ്രശ്നങ്ങൾ, പ്രണയത്തിന്റെ ഋതുഭേദങ്ങൾ / ഭാവപ്പകർച്ചകൾ , ചുറ്റിനും നിലനിൽക്കുന്ന ചരടുവലികൾ, ചങ്ങലകൾ തുടങ്ങിയവയെല്ലാം സ്ത്രീപക്ഷ സൂക്ഷ്മനിരീക്ഷണങ്ങളായി 'അകത്തെ ആകാശങ്ങളെ' പ്രക്ഷുബ്ധമാക്കുന്നു. മറ്റൊരുതരത്തിൽ പ്രക്ഷുബ്ധമായ ആന്തരികലോകത്തിന്റെ വാങ്ങ്‌മയ ചിത്രങ്ങളാണ് ഈ കൃതിയെ അനിതരസാധാരണമാക്കുന്നതെന്ന് പറയാം.
കാലദേശമന്യേ സ്ത്രീ അനുഭവിക്കുന്ന വേരറ്റുപോകലിന്റെ കയ്പ്പും, പ്രണയത്തിന്റെ ചവർപ്പും ശിഷ എസ് ന്റെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ‘വീടും’, ‘ബാക്കിവെച്ചതും’, ‘ചുനമണക്കുന്നവരും’, ‘മുറിപ്പാടുകളു’മെല്ലാം മനുഷ്യബന്ധങ്ങങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്ന ജീർണതയുടെ ('ക്ലാവ്') നേർചിത്രങ്ങളാണ്. പ്രണയത്തിന്റെ ഭാവഭേദങ്ങൾ മിന്നിമറയുന്നത് സോണിയുടെ ചെറുകവിതകൾ ഒപ്പിയെടുക്കുന്നുണ്ട്. പ്രണയവഴികളിൽ കാമുകിയായും, ഭദ്രയായും, വേശ്യയായും പിന്നെ തലക്കുപിടിക്കുന്ന 'ഭ്രാന്തായും' പടർന്നുപിടിക്കുന്ന തീ ഇന്ദ്രിയാനുഭവങ്ങളിലൂന്നിയുള്ള പ്രണയത്തിന്റെ മൂർത്തഭാവമായി മാറുന്നു.
ശില്പഭംഗിയിൽ മികച്ചുനിൽക്കുന്നതാണ് മഞ്ജുഷയുടെ കവിതകൾ, ഒപ്പം മൂർച്ചയുള്ള ആശയങ്ങൾകൂടിയാകുമ്പോൾ “അടുക്കുതെറ്റിയ ചിന്തകൾക്ക് / പേനത്തുമ്പിലൊരായിരം വഴി” തുറക്കുന്നു. വിരുദ്ധോക്തി ഉപയോഗത്തിൽ മഞ്ജുഷ കാണിക്കുന്ന ആനുരൂപ്യം എടുത്തുപറയേണ്ടതാണ്. "ഞെരിഞ്ഞ പൂവിന് സുഗന്ധമായും", "വിഫല ലിപികളായും", "ചതുരമായ വൃത്തസൂത്രങ്ങളായും" അവ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. "ചതിയുടെ സൗന്ദര്യബോധം / ഇരകൾക്കുമാത്രം വെളിപ്പെടുന്നു" തുടങ്ങിയ പ്രയോഗങ്ങൾ അനുഭവലോകത്തിൽ സാർവത്രികമാനം കൈവരിക്കുന്നു.
ചോരയും, കൊടുങ്കാറ്റും,കടൽത്തിരയിളക്കവുമെല്ലാം ചേർന്ന പ്രണയത്തിന്റെ വേലിയേറ്റം സ്മൃതിയുടെ കവിതകളിൽ കാണാം. അമ്മ, അച്ഛൻ, മുത്തശ്ശി, അയൽക്കാർ തുടങ്ങിയ മനുഷ്യബന്ധങ്ങളുടെ (ചെളിയടിഞ്ഞ) അടിത്തട്ട് കാണുംവിധം ഒരു വേലിയിറക്കവും അവരുടെ കവിതകളിൽ ശക്തമാണ്. 'മെരുങ്ങാത്ത', 'വക്കുപൊട്ടിയ', 'വിളർത്ത' മനുഷ്യരെ മാത്രമല്ല, ഗൃഹാതുരത്വത്തിന്റെ കമ്പോളവത്ക്കരണത്തിൽ പൊയ്മുഖമണിഞ്ഞ മനുഷ്യരെയും 'പുസ്തകത്തി'ലും, 'വിൽപ്പനശാല' യിലും കാണാം. സാമൂഹിക ജീവിതത്തിലെ ഹിപ്പോക്രസിയുടെ പരിച്ഛേദമാണ് ഈ കവിതകൾ. സ്‌മൃതിയുടെ കവിതകളിൽ ചുവപ്പു നിറഞ്ഞുനിൽക്കുന്നു, 'പ്രണയത്തി'ലും, 'മുള്ളി'ലും അത് ഒരുപോലെ കാണാം. പ്രണയം തീക്ഷ്ണമായ മെറ്റഫറുകളാൽ പറഞ്ഞുവെക്കുന്ന സ്‌മൃതി ചോരചാലിച്ച പ്രണയത്തെ കാട്ടുദൈവത്തിന്റെ മിത്തിൽ ചാലിച്ചെടുക്കുന്നു.
വീരാൻകുട്ടി പറഞ്ഞതുപോലെ ആഖ്യാനത്തിൽ പലവഴികൾ സ്വീകരിക്കുമ്പോഴും ഒരുമിച്ചു നിൽക്കാനുള്ള ക്ഷമത സ്ത്രൈണതയുടെ അനുഭവഭേദങ്ങളിൽ നിന്നാണ് വരുന്നത്. ഒരേ തൂവ്വൽപക്ഷികളെങ്കിലും ഇതിലെ ഓരോ പക്ഷിയും പാടിപ്പറക്കുന്നത് ഓരോ ആകാശങ്ങളിലാണെന്നും, അകലത്തെ ആകാശത്തേക്കാളേറെ വന്യമനോഹരമാണ് അകത്തെ ആകാശങ്ങളെന്നും നമുക്ക് കാണിച്ചുതരുന്ന ഈ നാല് യുവ കവികളുടെ ഉദ്യമത്തിന് ഭാവുകങ്ങൾ നേരുന്നു.

No comments:
Post a Comment